ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ പുത്തൻ ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം പാൻ ഇന്ത്യൻ താരമായി മാറിയ പ്രഭാസിന്റെ ഓരോ ചിത്രവും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കല്‍ക്കി 2898 എഡിയുടെ തിയേറ്റർ റൈറ്റ്സ് വിറ്റുപോയി എന്നതാണ് പുറത്തുവരുന്ന വിവരം. തിയേറ്റർ റൈറ്റ്സിന് ഹിന്ദിയിൽ 110 കോടിയാണ് ലഭിച്ചിരിക്കുന്നത്.
വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിലെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. മേയ് ഒമ്പതിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷത്തിലാണ് പ്രഭാസ് എത്തുക.
ദീപിക പദുകോൺ ആണ് കൽക്കിയിലെ നായിക. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ ദിഷാ പഠാനി, തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ കമൽഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർ താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കല്‍ക്കി 2898 എഡി. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ഗാനങ്ങൾ ഒരുക്കുന്നത്.















