തിരുവനന്തപുരം: കരിമണൽ ഖനനത്തിന്റെ ഫയൽ പൂഴ്ത്തി മൈനിങ് വകുപ്പ്. സി എം ആർ എല്ലിന് ഖനനാനുമതി നൽകിയ ഫയലുകൾ കാണാനില്ല. ചിത്രഭാനു എന്ന പൊതുപ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം സിഎംആർഎല്ലിന് ഖനനാനുമതി നൽകിയ രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൈനിങ് വകുപ്പ് മറുപടി നൽകിയത്.
സി എം ആർ എല്ലിന് എപ്പോൾ ഖനനാനുമതി നൽകി, എത്ര ഹെക്ടർ ഭൂമിയിലാണ് നടത്തുന്നത്, എന്ന് വരെയാണ് ഖനനാനുമതി, എന്ത് വിലയ്‌ക്കാണ് കരിമണൽ വിൽപന നടത്തുന്നത്, സർക്കാരിന് ഇതിൽ നിന്ന് എന്ത് ലാഭമാണ് ലഭിക്കുന്നത് തുടങ്ങിയവ അറിയുന്നതിനായുള്ള രേഖകളാണ് ചിത്രഭാനു ആവശ്യപ്പെട്ടത്. എന്നാൽ ഊ ചോദ്യങ്ങൾക്കൊന്നും മറുപടി ലഭിച്ചില്ല. തുടർന്ന് ചിത്രഭാനു അപ്പീൽ പോവുകയായിരുന്നു.
എന്നാൽ 20 വർഷം മുമ്പുണ്ടായിരുന്ന ഫയലുകൾ തെരഞ്ഞെടുക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന മറുപടി മാത്രമാണ് മൈനിങ് വകുപ്പ് നൽകിയത്. ചിത്രഭാനു ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ലഭിച്ച രേഖകളിലുണ്ടായിരുന്നില്ല. സിഎംആർഎല്ലിന് ഖനനാനുമതി ഇല്ലെന്ന ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഇപ്പോൾ ലഭിച്ച രേഖകളെന്ന് ചിത്രഭാനു പറഞ്ഞു.