ന്യൂഡൽഹി: തമിഴ്‌നാടിനും ഭാരതത്തിനും സുപ്രധാനമായിരുന്ന കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. കോൺഗ്രസും ഡിഎംകെയും ഒത്തുച്ചേർന്ന് കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയത് തമിഴ്‌നാട്ടിലെ ജനതയോട് അവർ ചെയ്ത ഹീന പ്രവൃത്തിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. മൂടിവച്ച രഹസ്യങ്ങൾ ഓരോന്നായി ജനങ്ങളുടെ മുന്നിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനൽകി കോൺഗ്രസ് തമിഴ്‌നാട്ടിലെ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും ഒത്തുകളി, ഗൂഢാലോചന ഇതെല്ലാം പുറത്തുവന്നു. ഈ രണ്ട് പാർട്ടികളും ചേർന്ന് നടത്തിയ ഗൂഢാലോചനയിലൂടെ നമ്മുടെ രാജ്യത്തിന് തന്ത്രപ്രധാന്യമുള്ള ദ്വീപാണ് നഷ്ടപ്പെട്ടത്. ഇത് ലക്ഷകണക്കിന് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം അപകടത്തിലാക്കി.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഇല്ലാതാക്കുന്ന തീരുമാനമാണ് കോൺഗ്രസ് കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിര സർക്കാരിന്റെ കാലത്ത് എപ്രകാരമാണ് കോൺഗ്രസ് കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതെന്ന് വിവരാവകാശ രേഖകളിൽ പറയുന്നു. വിഭജനം മാത്രമാണ് കോൺഗ്‌സിന്റെ ലക്ഷ്യമെന്നും ഡിഎംകെയും ഇതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.