കൊല്ലം: പദവികളോടുള്ള ആഗ്രഹമല്ല ബിജെപി എന്ന പാർട്ടിയിലേക്കെത്തിച്ചതെന്ന് മേജർ രവി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിലേക്ക് ഇറങ്ങിതിരിച്ചതെന്നും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താത്പര്യപ്പെടുന്നതെന്നും മേജർ രവി പറഞ്ഞു. കൊല്ലത്ത് യുവ ജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ മുഖ്യാതിഥിയായി കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി പങ്കെടുത്തു.
” വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും അവകാശമാണ്. രാജ്യത്തെ പൗരർക്ക് എന്തൊക്കെ അവകാശങ്ങളുണ്ടെന്ന് യുവജനത അറിഞ്ഞിരിക്കണം. നിങ്ങളാണ് രാജ്യത്തിന്റെ ശക്തി. ജാതിക്കും മതത്തിനു അതീതമായി പ്രവർത്തിക്കാനുള്ള കഴിവ് നമ്മിൽ ഉണ്ടാവണം. ഇവിടെ ആർഎൽവി രാമകൃഷ്ണനെതിരെ വർണവെറി വിളമ്പുന്ന ചില വ്യക്തികളെ നാം അടുത്തിടെ വാർത്തകളിൽ കണ്ടു. അത്തരം ചിന്താഗതികളെ മാറ്റി നിർത്തി സ്വയം ഉയർന്ന് ചിന്തിക്കാൻ ഓരോ യുവാക്കളും സന്നദ്ധരാകണം. ആരോടും വെറുപ്പ് പ്രകടിപ്പിക്കാതെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് നമുക്ക് വേണ്ടത്. തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാനുള്ള ചങ്കുറപ്പ് ഓരോത്തർക്കും ഉണ്ടാവണം. സത്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ വിളിച്ചു പറയണം. എന്റെ ആയുധം എന്ന് പറയുന്നത് സമൂഹമാദ്ധ്യമങ്ങളാണ്. പിണറായിവിജയനടക്കം തെറ്റ് ചെയ്ത് കഴിഞ്ഞാൽ സമൂഹമാദ്ധ്യമത്തിലൂടെ ചെയ്തത് തെറ്റാണെന്ന് ഞാൻ പറയാറുണ്ട്. ആർജവത്തോടെ തെറ്റുകൾ വിളിച്ചു പറയാനുള്ള ധൈര്യം ജനങ്ങൾ കാണിക്കണം.”- മേജർ രവി പറഞ്ഞു.
സ്വയം വികസിക്കണമെന്നുണ്ടങ്കിൽ ഭാഷകൾ കൈകാര്യം ചെയ്യാൻ നമുക്കാവണം. ഇംഗ്ലീഷിനോട് കേരളത്തിലെ മിക്ക ആളുകൾക്കും പേടിയാണ്. സ്വയം വികസിക്കണമെന്നുണ്ടെങ്കിൽ ഇത്തരം ഭാഷകൾ കൈകാര്യം ചെയ്യുവാൻ നാം പഠിക്കണം. പുതിയ പുതിയ വാക്കുകൾ പഠിക്കണമെന്നും എന്നാൽ ശശി തരൂരിനെ പോലെ സാധാരണ ജനങ്ങൾക്ക് കൈകാര്യം ചെയ്യാനോ മനസിലാക്കാനോ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും മേജർ രവി കൂട്ടിച്ചേർത്തു.
നല്ല പൗരന്മാരാവണമെങ്കിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. ഈ ശീലങ്ങൾ സ്വന്തം വീട്ടിൽ നിന്ന് തന്നെ പഠിച്ചെടുക്കാൻ ശ്രമിക്കുക. എല്ലാ ഭാരവും മാതാപിതാക്കൾക്കുള്ളതല്ലെന്നും സ്വയം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു രാഷ്‌ട്രത്തെ കെട്ടിപ്പടുക്കുന്നതിൽ യുവജനതയ്‌ക്കുള്ള സ്വാധീനം വളരെ വലുതാണെന്നും മേജർ രവി വ്യക്തമാക്കി.















