കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രങ്ങളുള്ള പരസ്യ ബാനറുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി കത്തയച്ചു. തെരഞ്ഞെടുപ്പ് പെരമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇത് സംബന്ധിച്ച് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്കാണ് പരാതി നൽകിയത്.
സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമല്ലെന്നും ഇതിന് കൃത്യമായ നടപടി സ്വീകരിക്കണമെന്നും ബിജെപി നൽകിയ കത്തിൽ പറയുന്നു. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ ലംഘിക്കുന്ന തരത്തിൽ മമതയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ പല കെട്ടിടങ്ങളിലും പതിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിജൂഷ് പാണ്ഡയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപിയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.















