വാഷിംഗ്ടൺ: മെരിലാൻഡിൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഇന്ത്യൻ ജീവനക്കാർ കപ്പലിൽ തുടരും. കപ്പലിൽ 21 ക്രൂ അംഗങ്ങളാണുള്ളത്. കപ്പലിലെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിനെയും കോസ്റ്റ് ഗാർഡ് അന്വേഷകരെയും സഹായിക്കുന്നതിനായാണ് ജീവനക്കാർ കപ്പലിൽ തുടരുന്നത്.
അന്വേഷണം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമായി പറയാൻ സാധിക്കില്ലെന്ന് ഗ്രേസ് ഓഷ്യൻ പിടിഇ ആൻഡ് സിനർജി മറൈൻ വക്താവ് പറഞ്ഞു. ഡാലി കണ്ടെയ്നർ കപ്പൽ ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ സിനർജി മറൈൻ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്. കണ്ടെയ്‌നർ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
മാർച്ച് 26-നാണ് ചരക്കുകപ്പലിടിച്ചതിന് പിന്നാലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തകർന്നുവീണത്. സ്കോട്ട് കീ പാലമാണ് പടാപ്‌സ്കോ നദിയിൽ പതിച്ചത്. 20-ലധികം വാഹനങ്ങളും പാലത്തിലുണ്ടായിരുന്നു. മൂന്ന് കിലോമീറ്ററോളം നീളമുള്ള രണ്ടുവരി പാതയാണ് പാലത്തിലുണ്ടായിരുന്നത്.
പാലം പുനർനിർമ്മിക്കുന്നതിനുള്ള ചെലവ് രണ്ട് ബില്യൺ യുഎസ് ഡോളർ വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആഴ്ചകളോ മാസങ്ങളോ എടുത്ത് നിർമാണം പൂർത്തിയാകില്ലെന്നും നീണ്ട കാലയളവിനുള്ളിൽ മാത്രമേ ഇത് സാധ്യമാകൂവെന്നും മെരിലാൻഡ് ഗവർണർ വെസ് മൂർ അറിയിച്ചിട്ടുണ്ട്.