വിമാനം വൈകിയാൽ യാത്രക്കാർ ഇനി വിമാനത്തിലിരുന്ന് മടുക്കില്ല, മറിച്ച് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ അവസരം. വിമാനം പുറപ്പെടാൻ താമസം നേരിട്ടാൽ വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റ് വഴി പുറത്തിറങ്ങാവുന്നതാണ്. ഏവിയേഷൻ സേഫ്റ്റി മോണിറ്ററിംഗ് ഓർഗനൈസേഷൻ (ബിസിഎഎസ്) ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
മാർച്ച് 30-ന് വിമാനക്കമ്പനികൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും പുതിയ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രാബല്യത്തിൽ വന്നതായും ബിസിഎഎസ് ഡയറക്ടർ ജനറൽ വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ തിരക്ക് വർദ്ധിക്കുന്നതും വിമാനം വൈകുന്നതും കണക്കിലെടുത്താണ് പുതിയ നിർദേശം.
വ്യോമയാന മേഖല കുതിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിദിനം 3,500 വിമാനങ്ങളാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിവർഷം അഞ്ച് ദശലക്ഷത്തിലധികം യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ ബോഡി സ്കാനറുകൾ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളങ്ങളിലെ തിരക്ക് നേരിടാൻ ബിസിഎഎസും മറ്റ് അധികാരികളും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.