റായ്പൂർ: ഛത്തീസ്ഗഡിൽ നാല് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള തുടർന്നുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ഭീകരരെ വകവരുത്തുകയായിരുന്നു.
ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്നും നിരവധി മാരകായുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസർവ് ഗ്രൂപ്പ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, കോബ്ര, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് സേനയെ കണ്ടതോടെ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ നാല് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ പി സുന്ദർരാജ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജാപൂരിലുണ്ടായ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ജില്ലാ റിസർവ് ഗാർഡ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയായായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്.
ഒരാഴ്ച മുമ്പ് ബാസ്തർ വനമേഖലയിൽ ആറ് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.















