ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വർഷം 29,810 കോടി രൂപയാണ് പ്രതിരോധ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം നേടിയെടുത്തത്. 2022-23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മൊത്തം വരുമാനം 26,928 കോടി രൂപയായിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയുടെ ഓർഡറുകളാണ് എച്ച്എഎൽ കൈകാര്യം ചെയ്യുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനന്തകൃഷ്ണൻ പറഞ്ഞു. 2023-24- ൽ 19,000 കോടി രൂപയുടെ പുതിയ നിർമാണ കരാറുകളും 16,000 കോടിയിലധികം രൂപയുടെ റിപ്പയർ ആൻഡ് ഓവർഹോൾ (ROH) കരാറുകളും ലഭിച്ചതാണ് വരുമാന വർദ്ധനവിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-24 നവംബറിൽ രണ്ട് ഹിന്ദുസ്ഥാൻ-228 വിമാനങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ഗയാന ഡിഫൻസ് ഫോഴ്സും എച്ച്എഎലും കരാർ ഒപ്പിട്ടിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ട് വിമാനങ്ങളും കയറ്റുമതി ചെയ്യാൻ സാധിച്ചതായി എച്ച്എഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
LCA Mk1A യുദ്ധവിമാനങ്ങളുടെ കന്നി പറക്കൽ വിജയകരമായി പൂർത്തിയാക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. GE-414 എയർക്രാഫ്റ്റിനായി സാങ്കേതികവിദ്യ കൈമാറ്റം സംബന്ധിച്ച് ജനറൽ ഇലക്ട്രിക്- യുഎസ്എയും ധാരണാപത്രം ഒപ്പുവച്ചതും നേട്ടങ്ങളിൽ ചിലതാണ്. മൾട്ടി റോൾ ഹെലികോപ്ടർ (IMRH), ഡെക്ക് ബേസ്ഡ്- മൾട്ടി റോൾ ഹെലികോപ്റ്റർ (DBMRH) എന്നിവയുടെ തദ്ദേശീയ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രാൻസിലെ സഫ്രാൻ ഹെലികോപ്റ്റർ സംയുക്ത സംരംഭം ആരംഭിക്കാനും കഴിഞ്ഞ സാമ്പത്തിക വർഷം എച്ച്എഎലിന് സാധിച്ചു.
A-320 എയർബസുകളുടെ മെയിൻറനൻസ്, റിപ്പയർ, ഓപ്പറേഷൻസ് എന്നിവയ്‌ക്കായി ന്യൂഡൽഹി കേന്ദ്രീകരിച്ച് സൗകര്യം ഒരുക്കാനുള്ള കരാറിൽ എച്ച്എഎല്ലും എയർബസും ഒപ്പുവച്ചു. ഈ സഹകരണം ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ ശക്തിപ്പെടുത്തുമെന്നും കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്എഎൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.















