ശ്രീനഗർ : കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ, കശ്മീരിലെ അനന്ത്നാഗിൽ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) എയർസ്ട്രിപ്പ് സജീവമാക്കി ഇന്ത്യൻ വ്യോമസേന . ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ബിജ്ബെഹറയിൽ 3.5 കിലോമീറ്റർ എമർജൻസി ലാൻഡിംഗ് കേന്ദ്രത്തിലാണ് യുദ്ധവിമാനങ്ങളുടെ എമർജൻസി ലാൻഡിംഗ് ട്രയൽ റൺ നടത്തിയത് . റഡാറുകൾ, സിസിടിവി ക്യാമറകൾ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ എന്നിവ വിന്യസിക്കുന്നത് ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളും ചെയ്തിരുന്നു.
Su-30 യുദ്ധവിമാനങ്ങളും ഹോക്ക് ട്രെയിനിംഗ് ജെറ്റുകളും ലാൻഡ് ചെയ്യുകയും പിന്നീട് എയർസ്ട്രിപ്പിൽ നിന്ന് പറന്നുയരുകയും ചെയ്തു.119 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ എമർജൻസി ലാൻഡിംഗ് സൗകര്യം യുദ്ധസമയത്ത് മാത്രമല്ല വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ, ദുരിതാശ്വാസ സാമഗ്രികൾ എയർ വിതരണം എന്നിവയെ പിന്തുണയ്‌ക്കുന്നതിനുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഐഎഎഫും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയവും രാജ്യത്തുടനീളം സമാനമായ ലാൻഡിംഗ് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിച്ചു വരുന്നുണ്ട്.















