പത്തനംതിട്ട: അടൂരിൽ ലോറിയിലേക്ക് കാറിടിച്ച് കയറ്റി രണ്ടുപേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അനൂജയുടെ പിതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് പിതാവ് രവീന്ദ്രൻ നൂറനാട് പൊലീസിൽ പരാതി നൽകി. മകളെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അപകടം സൃഷ്ടിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
ഹാഷിം അനൂജയെ ഭീഷണിപ്പെടുത്തിയാണ് കാറിൽ കയറ്റിക്കൊണ്ടുപോയത്. അമിത വേഗത്തിൽ ലോറിക്ക് മുന്നിലേക്ക് കാർ ഓടിച്ചു കയറ്റി മകളെ കൊലപ്പെടുത്തിയതാണെന്നും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അടൂർ സ്റ്റേഷനിലായതിനാൽ നൂറനാട് പൊലീസ് രവീന്ദ്രന്റെ കേസ് അടൂർ പോലീസിന് കൈമാറി.
കേസിൽ അനുജയുടെയും ഹാഷിമിന്റെയും ഫോൺ കോളുകളുകൾ പരിശോധിച്ച് വരികയാണ്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അറിയാനായി ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് വന്നതോടെ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി.