ഫിൻലാന്റിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്. ഹെൽസിങ്കിക്ക് സമീപമുള്ള വാന്റയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വെടിവയ്പ് നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ആക്രമണം നടത്തിയതെന്നും വിദ്യാർത്ഥി കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു.
12-കാരനാണ് വെടിയുതിർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. വാന്റയിലെ വിയർട്ടോല സ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയാണ് സ്‌കൂളിലുള്ളത്.800 കുട്ടികളും 90 പേരടങ്ങുന്ന സ്റ്റാഫുമാണ് ഇവിടെയുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ സാരി ലസില തയാറായില്ല.
ക്ലാസ് മുറിയിൽ വച്ചാണ് വെടിവയ്പ് നടന്നതെന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പറയുന്നു. പ്രദേശത്ത് നിന്നും മാറി നിൽക്കണമെന്നും വീടുകളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. പരിചയമില്ലാത്തവർ എത്തിയാൽ വാതിൽ തുറക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.















