അഗർത്തല: തെരഞ്ഞെടുപ്പ് റാലിയിൽ അണിനിരക്കുന്ന ജനങ്ങളുടെ പിന്തുണ ബിജെപിയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ത്രിപുരയിലെ സിപിഎമ്മിന്റേതും കോൺഗ്രസിന്റേതും ദുർഭരണമായിരുന്നെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുകൂട്ടരെയും ജനങ്ങൾ തന്നെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ചക്മാഘട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മാണിക് സാഹ.
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ദുർഭരണം ജനങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാൻ സാധിക്കുമോയെന്ന് ആശങ്കപ്പെട്ടിരുന്ന സമയമുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോൾ നമ്മുടെ രാജ്യം ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞങ്ങൾക്ക് ഉറപ്പായി.
2018-ൽ അന്നത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ത്രിപുരയിൽ നിന്ന് സിപിഐയെ പുറത്താക്കി. കഴിഞ്ഞ ആറ് വർഷമായി ഈ സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാൻ ഞങ്ങൾ പ്രവർത്തിച്ചു. ജനങ്ങൾക്ക് ബിജെപിയോടുള്ള വിശ്വാസം വർദ്ധിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിനും വികസനത്തിനും ഞങ്ങൾ മുൻഗണന നൽകുന്നു. ബിജെപി ഉറപ്പായും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടും- മാണിക് സാഹ പറഞ്ഞു.