ഗുവാഹത്തി : സനാതന ധർമ്മം സ്വീകരിച്ച് ഇസ്രായേൽ പൗരൻ എഡ്ഗർ ഫൈൻഗോർ . വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് താൻ വൈഷ്ണവ പാരമ്പര്യം സ്വീകരിച്ചതെന്ന് അസമിലെത്തിയ എഡ്ഗർ ഫൈൻഗോർ പറഞ്ഞു.
ഭഗവാൻ കൃഷ്ണനോടുള്ള ഭക്തിയാണ് എഡ്ഗറെ സനാതന ധർമ്മത്തിലേക്ക് എത്തിച്ചത് . ഹിന്ദു വിശ്വാസം സമ്പൂർണ്ണതയും ആത്മീയ പൂർത്തീകരണവും പ്രദാനം ചെയ്യുന്നുവെന്ന് എഡ്ഗർ പറയുന്നു .സനാതന ധർമ്മത്തിന്റെ സമ്പന്നമായ പൈതൃകം പഠിക്കാനായി ലോകമെമ്പാടുമുള്ള ഹിന്ദു ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കാനുള്ള തീരുമാനത്തിലാണ് എഡ്ഗർ .ശ്രീകൃഷ്ണന്റെ പാദങ്ങളിൽ അഭയം പ്രാപിക്കുന്ന ശിഷ്യൻ എന്നർത്ഥം വരുന്ന കൃഷ്ണ ശരൺ ഭക്ത് എന്ന പേരും എഡ്ഗർ സ്വീകരിച്ചു.
ഇത് വെറും ആത്മീയ യാത്ര മാത്രമല്ല, സാംസ്കാരിക വിനിമയത്തിന്റെയും ആത്മീയ നവോത്ഥാനത്തിന്റെയും പാതയാണെന്നും അദ്ദേഹം പറയുന്നു . അസമിലെ പാരമ്പര്യങ്ങളിൽ മുഴുകി ജീവിതം ഭഗവാൻ കൃഷ്ണന് സമർപ്പിച്ച് ജീവിക്കാനാണ് എഡ്ഗറിന്റെ തീരുമാനം .