തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന് ആവേശോജ്ജ്വലമായ സ്വീകരണം നൽകി വിതുരയിലെ വനവാസി സമൂഹം. അമ്പും വില്ലും സമ്മാനിച്ചാണ് സ്വീകരിച്ചത്. വിതുര പഞ്ചായത്തിലെ പൊടിയക്കാല, മൊട്ടമൂട്, ആറ്റുമണ്‍പുറം എന്നീ സെറ്റില്‍മെന്റ് കോളനികള്‍ സന്ദർശിക്കാനെത്തിയതായിരുന്നു സ്ഥാനാർത്ഥി.
പൊടിക്കാല കോളനിയിലെ ഭഗവാന്‍ കാണിയാണ് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി വി മുരളീധരന് അമ്പും വില്ലും സമ്മാനിച്ചത്. പ്രദേശവാസികൾ ചേർന്ന് കപ്പയും കട്ടനും കാന്താരിയും വിളമ്പിയാണ് തങ്ങളുടെ സ്ഥാനാർത്ഥിയെ വരവേറ്റത്. മൊട്ടമൂട് കോളനിയിലെ ഊരുമൂപ്പൻ രാമന്‍ കാണി കൈതോല കൊണ്ട് സ്വന്തമായി നിര്‍മ്മിച്ച തൊപ്പി ധരിപ്പിച്ചായിരുന്നു സ്വീകരിച്ചത്.
വനവാസികൾ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ വി. മുരളീധരൻ അവരോടൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങളും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. താൻ വിജയിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന ഉറപ്പും അദ്ദേഹം നൽകി.