ന്യൂഡൽഹി: ഡൽഹി മന്ത്രി അതിഷിക്ക് ബിജെപി ഡൽഹി ഘടകം ബുധനാഴ്ച മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. പാർട്ടിയിൽ ചേരാൻ “വളരെ അടുത്ത” വ്യക്തി വഴി തന്നെ സമീപിച്ചുവെന്ന അവകാശവാദത്തിന് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ചാണ് വക്കീൽ നോട്ടീസ്.
അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ബിജെപിയിൽ ചേരാൻ ഞങ്ങളെ പ്രതിനിധീകരിച്ച് അവരെ സമീപിച്ചുവെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ വിശദാംശങ്ങൾ നൽകാൻ അതിഷി പരാജയപ്പെട്ടാൽ, ഞങ്ങൾ അവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഞങ്ങൾക്ക് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അതിൽ നിന്ന് രക്ഷപ്പെടാൻ അവൾക്ക് കഴിയില്ല,” സച്ച്ദേവ പറഞ്ഞു.
“എങ്ങനെ, എപ്പോൾ ആരാണ് തന്നെ സമീപിച്ചത്, എന്നതിന് തെളിവ് നൽകുന്നതിൽ അതിഷി പരാജയപ്പെട്ടു. ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിലാണ്, അതിനാലാണ് അവർ നിരാശയിൽ നിന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ ഞങ്ങൾ അവരെ ഇതിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.
തന്റെയും ബന്ധുക്കളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുമെന്ന് അതിഷി പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. തന്നെ കൂടാതെ മൂന്ന് ആം ആദ്മി പാർട്ടി നേതാക്കളായ ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, എംഎൽഎ ദുർഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരും അറസ്റ്റിലാകുമെന്ന് അതിഷി അവകാശപ്പെട്ടിരുന്നു.















