ന്യൂഡൽഹി: മദ്യനയ അഴിമതികേസിൽ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. നിലവിൽ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ് രിവാൾ.
ജസ്റ്റീസ് സ്വർണകാന്ത് ശർമ്മയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി യാണ് കെജ്‌രിവാളിന് വേണ്ടി ഹാജരായത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെജ് രിവാളിനെ മാറ്റി നിർത്താൻ വേണ്ടിയാണ് അറസ്റ്റ് എന്നായിരുന്നു അഭിഭാഷകന്റെ വാദം.
എന്നാൽ അഴിമതി നടന്നുവെന്നത് സംശയാതീതമായ കാര്യമാണെന്നും വ്യക്തി എന്ന നിലയിലും എഎപി കൺവീനർ എന്ന നിലയിലും കെജ് രിവാളിന് അതിൽ പങ്കുണ്ടെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു ചൂണ്ടിക്കാട്ടി.
മാർച്ച് 21 നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് മൂന്ന് ഘട്ടങ്ങളിലായി ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ഇടക്കാല ജാമ്യത്തിന്കെജ്‌രിവാൾ ഹർജി നൽകിയെങ്കിലും കോടതി അനുവദിച്ചില്ല.