എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും തിരിച്ചടി. ഏപ്രിൽ 26ന് ശേഷം ഹാജരാകാമെന്ന വർഗീസിന്റെ ആവശ്യം ഇഡി തള്ളി. പകരം ഈ മാസം 5-ാം തീയതി തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് അയച്ചു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന പദവിയല്ലാതെ മറ്റ് ഔദ്യോഗിക ചുമതലകൾ എം എം വർഗീസ് വഹിക്കുന്നില്ലെന്നും അദ്ദേഹം സ്ഥാനാർത്ഥിയല്ലെന്നും നിരീക്ഷിച്ചായിരുന്നു ആവശ്യം തള്ളിയത്. കരുവന്നൂർ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ സമർപ്പിക്കാൻ ഇഡി ആവശ്യപ്പെട്ടെങ്കിലും വർഗീസ് ഇവ കൈമാറിയില്ലായിരുന്നു. തുടർന്നാണ് 5-ാം തീയതി ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടീസ് അയച്ചത്.
പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളായ പി കെ ഷാജൻ, മുൻ എംപി പികെ ബിജു എന്നിവരെയും ഇഡി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജു പണമിടപാട് നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നുള്ള ചോദ്യം ചെയ്യലിന് ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയുമാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.