സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറിയുടെ സംപ്രേക്ഷണ തീയതി പ്രഖ്യാപിച്ച് ദൂരദർശൻ. നാളെ രാത്രി എട്ടു മണിക്കാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്. ദൂരദർശൻ അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് സംപ്രേക്ഷണ തിയതി അറിയിച്ചത്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയായിരുന്നു അറിയിപ്പ്.
ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങളിൽപ്പെട്ടിരുന്ന ചിത്രം ഏറെ വൈകിയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ പാൻ-ഇന്ത്യ ചിത്രമായിരുന്നു ദി കേരളാ സ്‌റ്റോറി. 40 കോടി താഴെ ബജറ്റിൽ നിർമ്മിച്ച കേരള സ്റ്റോറി ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി.
ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അതേസമയം, കേരള സ്റ്റോറി ടീമിന്റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബസ്തർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറും പുറത്ത് വന്നിരുന്നു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. കേരളാ സ്റ്റോറിയ്‌ക്ക് ശേഷം വിപുൽ അമൃത്‌ലാൽ ഷായും സുദീപ്തോ സെന്നും ഒന്നിക്കുന്ന ചിത്രമാണ് ബസ്തർ. ചിത്രം ഈ വർഷം തീയേറ്ററുകളിലെത്തും.