ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര. ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്ന സൂചനയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കയുടെ ഭർത്താവ് നൽകിയിരിക്കുന്നത്. “അമേഠിയിലെ ജനങ്ങൾ എന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അവരുടെ എംപിയായി ഞാനെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ” ഒരുപക്ഷെ മത്സരിച്ചേക്കുമെന്നായിരുന്നു വാദ്രയുടെ പ്രതികരണം. ദേശീയ മാദ്ധ്യമമായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ ഭർത്താവ് മനസുതുറന്നത്.
അമേഠിയിലെ ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള വികസനവും സിറ്റിംഗ് എംപി കൊണ്ടുവന്നില്ലെന്നും ഗാന്ധി കുടുംബത്തെ വിമർശിക്കുക മാത്രമാണ് അവർ ചെയ്തതെന്നുമായിരുന്നു റോബർട്ട് വാദ്രയുടെ നിരീക്ഷണം. റായ്ബറേലിയും സുൽത്താൻപൂരും അമേഠിയും വർഷങ്ങളോളം കോൺഗ്രസിന്റെതായിരുന്നു. ഇപ്പോൾ അതിൽ അമേഠിയിലെ ജനങ്ങൾ സിറ്റിംഗ് എംപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവർക്ക് തെറ്റുപറ്റിയെന്ന് അമേഠിയിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അവർക്ക് ഇതിൽ നിന്ന് മോചനം വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ, ഗാന്ധി കുടുംബത്തെ അവർക്ക് തിരികെ വേണമെന്നുണ്ടെങ്കിൽ, എംപി സ്ഥാനത്ത് അവർ റോബർട്ട് വാദ്രയെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, കോൺഗ്രസിന് തീർച്ചയായും അമേഠി തിരിച്ചുലഭിക്കും.- റോബർട്ട് വാദ്ര പറഞ്ഞു.
കോൺഗ്രസിന്റെ ശക്തികേന്ദ്രവും രാഹുലിന്റെ മണ്ഡലവുമായിരുന്ന അമേഠിയിൽ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി നേടിയ വിജയം ഗാന്ധി കുടുംബത്തെയും കോൺഗ്രസ് പാർട്ടിയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഭാവി പ്രധാനമന്ത്രിയായി കോൺഗ്രസ് ഉയർത്തി കാട്ടിയ രാഹുൽ സ്വന്തം മണ്ഡലത്തിൽ വൻ പരാജയം നേരിട്ടപ്പോൾ തോൽവിയെ ഏതുവിധത്തിൽ ന്യായീകരിക്കണമെന്ന് പോലും നേതാക്കൾക്ക് പിടികിട്ടിയില്ല. പരാജയ ഭീതിയുണ്ടായിരുന്നതിനാൽ വയനാട്ടിൽ കൂടി മത്സരിച്ചുവെന്നത് രാഹുലിന്റെ എംപി സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള പിടിവള്ളിയായി. സ്മൃതി ഇറാനിയെന്ന എതിരാളിയെ വിലകുറച്ചുകണ്ട കോൺഗ്രസിന് പകരം നൽകേണ്ടി വന്നത് ശക്തികേന്ദ്രമായ അമേഠിയായിരുന്നു.















