ന്യൂഡൽഹി: ഫോബ്‌സ് പട്ടികയില്‍ നിന്നും ബൈജു രവീന്ദ്രന്‍ പുറത്ത്. ഫോബ്സ് ബില്യണയര്‍ ഇന്‍ഡക്‌സ് 2024 പട്ടികയില്‍ നിന്നാണ് ബൈജൂസ് എജ്യുടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകൻ പുറത്തായിരിക്കുന്നത്. ബൈജുവിന്റെ ആസ്തി പൂജ്യം എന്നാണ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 200 ഭാരതീയരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ഫോബ്സ് ഇത്തവണ പുറത്തിറക്കിയത്. ഇതിൽ ബൈജുവിന്റെ പേര് ഇല്ലെന്നതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
ഫോബ്സ് മാസികയുടെ കണക്കുപ്രകാരം 17,545 കോടി (2.1 ബില്യൺ ഡോളർ) രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ബൈജുവിന്റെ ആസ്തി. 2022ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജുവിന്റെ കമ്പനിയുടെ മൂല്യം. ഇതാണ് പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നത്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ബൈജുവിന്റെ വളർച്ചയും തകർച്ചയും.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ബോയ് എന്ന് ലോക മാദ്ധ്യമങ്ങൾ വാഴ്‌ത്തിയ ബൈജുവിന്റെ തകർച്ചയും അപ്രതീക്ഷിതമായിരുന്നു. പ്രൈമറി സ്കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള നൂതനമായ പഠന ആപ്പിലൂടെയാണ് ബൈജൂസ് വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ ആകർഷിച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ ബൈജൂസ് വളർന്നെങ്കിലും സാമ്പത്തികമായ പിടിപ്പുകേട് വൻ തിരിച്ചടിയായി മാറുകയായിരുന്നു. 2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ബൈജൂസിന് 1 ബില്യൺ ഡോളറിലധികമാണ് നഷ്ടമായത്.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം ജനുവരിയില്‍ അവരുടെ ഓഹരിമൂല്യം വെട്ടിക്കുറച്ചു. ഫെബ്രുവരിയോടെ ഓഹരി ഉടമകള്‍ ബൈജുവിനെ കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്ന് നീക്കി.















