ന്യൂഡൽഹി : അറുപതിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യ സംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടു . ഉഭയകക്ഷി ഉടമ്പടി പ്രകാരമാണ് ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേയ്‌ക്ക് പോയതെന്ന് ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ . ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി .
“ഇസ്രായേലിലേക്ക് പോയത് ആ രാജ്യവുമായി ഒപ്പുവച്ച സർക്കാർ-സർക്കാർ കരാറിന്റെ ഭാഗമായാണ്. ഈ കരാർ സംഘർഷത്തിന് മുമ്പുള്ളതാണ്. അവരുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് ബോദ്ധ്യമുണ്ട്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങൾ ഇസ്രായേലി അധികാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നടന്ന റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ നിന്നാണ് ആദ്യ 64 തൊഴിലാളികളെ കണ്ടെത്തിയത് . ഇസ്രായേൽ സർക്കാരിന്റെ ആവശ്യപ്രകാരം 10,000-ത്തിലധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. കഴിഞ്ഞ ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് വർക്ക് പെർമിറ്റ് റദ്ദാക്കിയ പലസ്തീൻ തൊഴിലാളികൾക്ക് പകരമായാണ് ഇന്ത്യൻ തൊഴിലാളികളെ നിയമിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് വേഗത്തിലാക്കാൻ അഭ്യർത്ഥിച്ചിരുന്നു. നിലവിൽ പ്രൊഫഷണലുകൾ ഉൾപ്പെടെ ഏകദേശം 18,000 ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിൽ ഉണ്ട്.















