തിരുവനന്തപുരം: ഏറെ ചർച്ച ചെയ്യപ്പെട്ട കേരള സ്റ്റോറി സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അതിനാൽ നീക്കം തടയണമെന്നുമാണ് കത്തിലെ ആവശ്യം.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന സിനിമയാണ് കേരള സ്റ്റോറി. സർക്കാർ സ്ഥാപനമായ ദൂരദർശനെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും കത്തിൽ പറയുന്നു. നേരത്തെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംപ്രേഷണം തടയണമന്ന ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ തിയേറ്ററുകളിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം സാധാരണക്കാരിലേക്ക് എത്തുന്നതിനെ തടയാനാണ് നേതാക്കൾ നെട്ടോട്ടമോടുന്നതെന്ന വിമർശനം ഉയർന്ന് കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ പ്രീണനത്തിനായി പ്രതിപക്ഷവും സിപിഎമ്മും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സിനിമയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നുമാണ് അഭിപ്രായം ഉയരുന്നത്. സിനിമ തിയറ്ററിൽ എത്തിയപ്പോഴും കേരളത്തിൽ യുഡിഎഫും ഇടതു പാർട്ടികളും പ്രതിഷേധമുയർത്തിയിരുന്നെങ്കിലും വിലപ്പോയില്ല.
സിനിമ കേരളത്തെ പരിഹസിക്കുന്നുവെന്നും മതസ്പർധ വളർത്തുന്നു എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ ആരോപിക്കുന്നത്.















