മുംബൈ: റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ നടപ്പ് സാമ്പത്തിത വർഷത്തിന്റെ ആദ്യ പണനയ യോഗത്തിൽ തീരുമാനം. റീട്ടെയിൽ പണപ്പെരുപ്പം നാല് ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍തന്നെ തുടരാമെന്ന് ആർബിഐ പണനയ കമ്മിറ്റി തീരുമാനിച്ചു. ഒന്നിനെതിരേ അഞ്ചു വോട്ടിനാണു തീരുമാനം. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായാണ് റിപ്പോ നിരക്കെന്ന് അറിയപ്പെടുന്നത്.
പണലഭ്യത സംബന്ധിച്ച സമീപനത്തിലും മാറ്റമില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഈ ധനകാര്യ വർഷം ചില്ലറ വിലക്കയറ്റം 4.5 ശതമാനമാകുമെന്നാണ് നിഗമനം. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിലനിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനും പണനയ കമ്മിറ്റി തീരുമാനിച്ചു.
2024-25 വർഷം ജിഡിപി വളർച്ച ഏഴു ശതമാനമാകുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഒന്നാം പാദത്തിൽ 7.1, രണ്ടാം പാദത്തിൽ 7.1, മൂന്നാം പാദത്തിൽ 7.0 , നാലാം പാദത്തിൽ 7.0 എന്നിങ്ങനെയാകും വളർച്ച.