തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ അനുദിനം വർദ്ധിച്ചു വരുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് തട്ടിപ്പിലൂടെ നഷ്ടമായത് നാല് കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകൾ അധികവും നടന്നത്.
ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചു വരികയാണ്. വിവിധ തട്ടിപ്പുകളിലായി സൈബർ പൊലീസ് മാത്രം രജിസ്റ്റർ ചെയ്തത് 10 എഫ്‌ഐആറുകളാണ്. തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ മൂന്ന് കേസുകളും പാലക്കാട് വയനാട് എന്നീ ജില്ലകളിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം അക്കൗണ്ടുകൾ മുഖേനയാണ് തട്ടിപ്പുകൾ നടന്നിരിക്കുന്നത്. തട്ടിപ്പിനിരയായിട്ടുള്ളവരിൽ അധികവും ഉന്നത വിദ്യാഭ്യാസം നേടിയവരും. ജനങ്ങൾ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ഇനിയും തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടി.















