കൊച്ചി: തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് നൽകാനെന്ന പേരിൽ നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കിൽ നിന്നും ഗിഫ്റ്റ് കൂപ്പൺ കൈപ്പറ്റി മുക്കിയതായി പരാതി. നഗരസഭ വൈസ് ചെയർമാൻ കൈപ്പറ്റിയ കൂപ്പണുകൾ കൗൺസിലർമാർക്ക് നൽകിയില്ലെന്നാണ് പരാതി. 5000 രൂപയുടെ 50 ഗിഫ്റ്റ് കൂപ്പണുകളാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കൈപ്പറ്റിയത്.
വൈസ് ചെയർമാൻ യൂനിസാണ് അഴിമതിയ്‌ക്ക് പിന്നിൽ. കോൺഗ്രസിലെ ചില കൗൺസിലർമാർക്കും ചില സ്വതന്ത്ര കൗൺസിലർമാർക്കും വൈസ് ചെയർമാൻ ഗിഫ്റ്റ് കൂപ്പണുകൾ നൽകിയതായാണ് പറയുന്നത്. എന്നാൽ നഗരസഭയിലെ മറ്റ് കൗൺസിലർമാരോ ചെയർമാനോ അറിഞ്ഞിരുന്നില്ല. സ്വതന്ത്ര കൗൺസിലർമാരിൽ ഒരാളാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.
ഇന്ന് രാവിലെ ചെയർപേഴ്‌സൺ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. രണ്ടര ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് വിവരം. സംഭവം പുറത്തായതോടെ നഗരസഭയിൽ പ്രതിഷേധവും പുകയുകയാണ്.
ആരോപണ വിധേയനായ പി.എം യൂനസ് രാജിവെയ്‌ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വൈസ് ചെയർമാനെതിരെ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. മുസ്ലീം ലീഗ് അംഗമാണ് പി.എം യൂനസ്
നേരത്തെ കൗൺസിലർമാർക്ക് പണക്കിഴി നൽകിയത് വിവാദമായിരുന്നു. 2021 ലായിരുന്നു ഈ സംഭവം. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവാദവും ഉയരുന്നത്.















