കൊച്ചി: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എസ്. മണികുമാർ. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം എസ്. മണികുമാറിന്റെ നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിയോജനകുറിപ്പ് നൽകിയതിനെ തുടർന്ന് ഏറെ നാളായി നിയമന ശുപാർശയിൽ തീർപ്പ് കൽപ്പിച്ചിരുന്നില്ല. എന്നാൽ ഒടുവിൽ ഗവർണർ അംഗീകാരം നൽകിയപ്പോൾ സ്ഥാനമേറ്റെടുക്കാൻ തയ്യാറല്ലെന്ന് നിലപാടറിയിക്കുകയായിരുന്നു ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച സമയത്ത് മണികുമാറിന് നൽകിയ യാത്രയയപ്പായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോൾ സാധാരണയായി ഫുൾകോർട്ട് റഫറൻസ് മാത്രമാണ് ഉണ്ടാകുക എന്നിരിക്കെ സർക്കാർ വക യാത്രയയപ്പ് സൽക്കാരം നൽകിയത് വലിയ വിമർശനങ്ങൾക്കിടയാക്കി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിസഭാംഗങ്ങളും ചേർന്നായിരുന്നു യാത്രയയപ്പ് നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവമാണെന്ന് ഇതോടെ ആരോപണമുയർന്നു. ഈ സാഹചര്യത്തിൽ ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് കത്തയച്ചതോടെയാണ് ശുപാർശ അംഗീകരിക്കാൻ വൈകിയത്. ഒടുവിൽ മാസങ്ങൾക്ക് ശേഷം ഗവർണർ നിയമനം അംഗീകരിച്ചെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം വേണ്ടെന്ന് വച്ചിരിക്കുകയാണ് എസ്. മണികുമാർ.