ലക്നൗവിന്റെ ചെറിയ സ്കോർ പിന്തുടർന്ന ഗുജറാത്തിനെ കടപുഴക്കി ഠാക്കൂർ കൊടുങ്കാറ്റ്. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത ഗുജറാത്ത് 7 പന്ത് ബാക്കി നിൽക്കെ 130 റൺസിന് പുറത്താവുകയായിരുന്നു. 30 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത യഷ് ഠാക്കൂറാണ് ഗുജറാത്തിന്റെ നട്ടെല്ലാടിച്ചത്.തുടർച്ചയായ മൂന്നാം വിജയവുമായി എൽ.എസ്.ജി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് കയറി.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് മോശമല്ലാത്ത തുടക്കം നൽകിയെങ്കിലും 19 റൺസെടുത്ത ഗില്ലിനെ മടക്കി ഠാക്കൂർ നിലപാട് വ്യക്തമാക്കി. തൊട്ടുപിന്നാലെ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കെയ്ൻ വില്യംസണെ മടക്കി ബിഷ്ണോയി ഗുജറാത്തിനെ ഞെട്ടിച്ചു. ഇതിൽ നിന്ന് കരകയറാൻ ലക്നൗവിന് പിന്നീട് കഴിഞ്ഞില്ല. ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. അരങ്ങേറ്റക്കാരൻ ബി.ആർ ഭരത്(2) നിരാശപ്പെടുത്തി.
വിജയ് ശങ്കർ(17),ദർശൻ നൽകണ്ഠേ(12) എന്നിവർ അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് പുറത്തായി. ചെറുത്ത് നിന്ന രാഹുൽ തെവാട്ടിയയെയും(30) മടക്കി യഷ് ഠാക്കൂർ ലക്നൗവിന് വിജയം ഉറപ്പിച്ചു. പിന്നീട് എല്ലാം ഒരു ചടങ്ങ് തീർക്കലായിരുന്നു.റാഷിദ് ഖാൻ(0), ഉമേഷ് യാദവ്(2), നൂർ അഹമ്മദ്(4) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. സ്പെൻസർ ജോൺസൺ(0) പുറത്താകാതെ നിന്നു. ഠാക്കൂറിന് പിന്തുണ നൽകിയ ക്രൂണാൽ പാണ്ഡ്യക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. രവി ബിഷ്ണോയിയും നവീൻ ഉൾ ഹഖും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.