ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ. കവിതയുടെ ഇടക്കാല ജാമ്യഹർജി തള്ളി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം 20 ന് കവിതയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. 16 വയസുള്ള മകന് പരീക്ഷയായതിനാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു കവിതയുടെ വാദം.
കേസിലെ സ്ത്രീ ഒരു അമ്മയാണെന്നും അമ്മയുടെ നേരിട്ടുള്ള പിന്തുണ മകന് അനിവാര്യമാണെന്നും കവിതയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ പറഞ്ഞു. എന്നാൽ കവിത തെളിവ് നശിപ്പിച്ചതിന്റെ എഫ് എസ് എൽ റിപ്പോർട്ട് കയ്യിലുണ്ടെന്ന് ഇഡി ഇടക്കാല ജാമ്യ അപേക്ഷയെ എതിർത്ത് കോടതിയിൽ പറഞ്ഞു.
കെ. കവിതയെ ചോദ്യം ചെയ്യാൻ സിബിഐക്ക് കഴിഞ്ഞ ദിവസം വിചാരണകോടതി അനുമതി നൽകിയിരുന്നു. സൗത്ത് ഗ്രൂപ്പിന്റെ ഭാഗമായ കെ. കവിത സ്വകാര്യമദ്യനയം പ്രാവർത്തികമാക്കുന്നതിന് വേണ്ടി അരവിന്ദ് കെജ്‌രിവാളിന് 100 കോടി നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ പണമാണ് ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആംആദ്മി ചെലവഴിച്ചതെന്നും ഇഡി കണ്ടെത്തിയിരുന്നു. കെ. കവിതയ്‌ക്ക് പുറമെ ആന്ധ്രയിലെ വൈഎസ്ആർസിപി എംപി മഗുണ്ട ശ്രീനിവാസലു റെഡ്ഡി, അദ്ദേഹത്തിന്റെ മകൻ രാഘവ് മഗുണ്ട, അരബിന്ദോ ഗ്രൂപ്പ് പ്രൊമോട്ടർ ശരത് റെഡ്ഡി, ഡൽഹിയിൽ നിന്നുള്ള ബിസിനസുകാരനായ സമീർ മഹേന്ദ്രു എന്നിവർ സൗത്ത് ഗ്രൂപ്പിൽ അംഗങ്ങളാണ്.















