കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ പിടിയിലായവരിൽ ഡിവൈഎഫ്‌ഐ ഭാരവാഹികളുണ്ടെന്ന് സ്ഥിരീകരിച്ച് പാർട്ടി നേതൃത്വം. അമൽ ബാബു, സായുജ്, അതുൽ എന്നിവരാണ് പ്രാദേശിക യൂണിറ്റ് ഭാരവാഹികൾ. ഇവർ പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ സംഭവമുണ്ടായപ്പോൾ മറ്റുള്ളവരെ പോലെ ഓടികൂടിയവരാകാമെന്നും നേതൃത്വം വിചിത്രവാദം ഉയർത്തുണ്ട്. സ്‌ഫോടനക്കേസിൽ പങ്കുണ്ടെങ്കിൽ ഇവർക്കെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
” സ്‌ഫോടനം നടന്നപ്പോൾ ധാരാളം ആളുകൾ ഓടിക്കൂടി. അവരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതൃത്വത്തിലുള്ളവരുമെത്തി. ഈ സംഭവത്തെ മുൻനിർത്തി, ഡിവൈഎഫ്‌ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് വ്യാപകമായ നിലയിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തെറ്റായ പ്രവണതയാണ്.”- വി കെ സനോജ് കുറ്റപ്പെടുത്തി
അതേസമയം സ്‌ഫോടന സമയത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ വിചിത്രവാദവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രിയും രംഗത്തെത്തിയത്. പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനായി എത്തിയതായിരുന്നുവെന്നും മനുഷ്യത്വം കാരണമാണ് നേതാക്കൾ മരിച്ച വ്യക്തിയുടെ വീട്ടിൽ പോയതുമെന്നുമാണ് വിചിത്ര വാദം.