ആറുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ 11-കാരൻ പിടിയിൽ. ആഗ്രയിലാണ് ദാരുണ സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണം നടന്ന പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. പ്രതിയും ഇരയും രണ്ടു സമുദായങ്ങളിൽപ്പെട്ടവരാണ്.
പൊലീസിന് പെൺകുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുട്ടിയെ 11-കാരൻ സൗഹൃദം നടിച്ച് വിജയനമായ പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു. രാത്രി 7.30ന് കുട്ടി ചോരയൊലിപ്പിച്ച് വീട്ടിലെത്തുകയും നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിക്കുകയുമായിരുന്നു.
വീട്ടുകാർ ആറുവയസുകാരിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് 11-കാരന്റെ വീട്ടിലെത്തി ഇവനെ പൊലീസിന് കൈമാറിയെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഡി.സി.പി സുകന്യശർമ്മ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.