തിരുവനന്തപുരം: രാപ്പകൽ വ്യത്യാസമില്ലാതെ കേരളം വെന്തുരുകുകയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28-30 ഡിഗ്രി വരെയാണ് ചൂട്. പകലിന് സമാനമായ താപനില മുന്നറിയിപ്പുകൾ രാത്രിയിലേക്കും പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ്. അന്തരീക്ഷ ഈർപ്പം ഉയർന്നു നിൽക്കുന്നതിനാൽ ഈ മാസാവസാനം വരെ ചൂട് ഉയരും.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. തുടർച്ചയായ രണ്ട് ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടു രേഖപ്പെടുത്തുകയും ശരാശരി താപനിലയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്താലാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുന്നത്.
എൽ നിനോ പ്രതിഭാസമാണ് ചൂട് കൂടുന്നതിന് കാരണം. ഏതാനും വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. ഏതാനും മാസങ്ങൾ മാത്രമാകും ഈ പ്രതിഭാസം നീണ്ടുനിൽക്കുക. എന്നാൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തിൽ നിലവിലുള്ള കാലാവസ്ഥ-താപനില വ്യവസ്ഥകളെ തന്നെ മാറ്റി മറിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ എൽ നിനോ പ്രതിഭാസമുണ്ടായത് 2014-2018 കാലഘട്ടത്തിലായിരുന്നു. പിന്നീട് ലോക കാലാവസ്ഥ നിർമിതിയെ തന്നെ ഇത് മാറ്റിമറിച്ചു. ലോകത്തിലെ ചില ഭാഗങ്ങളിൽ ചൂട് അനുഭവിക്കുമ്പോൾ മറ്റ് ചിലയിടങ്ങളിൽ എൽ-നിനോ കൊടും പേമാരിയും കാലം തെറ്റിയുള്ള മഴയൊക്കെയാകും സമ്മാനിക്കുന്നത്.















