തിരുവനന്തപുരം: ദിവസനേ നൂറുകണക്കിന് രോഗികളെത്തുന്ന തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ മരുന്നിന് ക്ഷാമം. സാമ്പത്തിക വർഷാരംഭമായതിനാൽ മരുന്നുകളെത്തി തുടങ്ങുന്നതേയുള്ളൂവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
പകർച്ചവ്യാധി ഉൾപ്പടെ വ്യാപകമായ സാഹചര്യത്തിലാണ് മരുന്ന് ക്ഷാമം. നിരവധി പേരാണ് പ്രതിസന്ധിയിൽ വലയുന്നത്. ഫാർമസിയിൽ മണിക്കൂറുകളോളം ക്യൂ നിന്ന് മുൻപിലെത്തുമ്പോൾ മാത്രമാണ് മരുന്നില്ലെന്ന വിവരം അറിയുക. ഇതോടെ ഡോക്ടർ എഴുതി നൽകിയ കുറിപ്പടിയുമായി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ്. പണമില്ലാത്തവർ മരുന്ന് വാങ്ങാതെ മടങ്ങും. പ്രമേഹരോഗികൾക്കുള്ള മരുന്നുകളും പാരസെറ്റാമോൾ പോലുള്ള ഗുളികളും മാത്രമാണ് നൽകുന്നതെന്ന് രോഗികൾ പറഞ്ഞു. മരുന്നില്ലെന്ന വിവരം നോട്ടീസായി പ്രദർശിപ്പിച്ചാൽ കൊടുംചൂടിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് രോഗികൾ പറയുന്നു.
അടുത്തിടെ കോഴിക്കോട് മെഡിക്കൽ കോളേജിലും മരുന്ന് വിതരണം മുടങ്ങിയിരുന്നു. കരാറുകാർക്ക് പണം കുടിശ്ശികയുള്ളതിനാലായിരുന്നു മരുന്ന് വിതരണം നിർത്തിയത്. 75 കോടിയോളമായിരുന്നു കുടിശിക ഇനത്തിൽ നൽകേണ്ടിയിരുന്നത്.















