തിരുവനന്തപുരം: കോൺഗ്രസ് നിർബന്ധത്തിന് വഴങ്ങി മകൻ അനിൽ ആന്റണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച് എ.കെ ആന്റണി. മകൻ അനിൽ പത്തനംതിട്ടയിൽ തോൽക്കണം. അവിടെ ആന്റോ ആന്റണിയാണ് ജയിക്കേണ്ടയാളെന്നും ആന്റണി പറഞ്ഞു. കെഎസ്‌യു കാലം മുതൽ കുടുംബം വേറെ രാഷ്‌ട്രീയം വേറെ എന്നാണ് തന്റെ നിലപാട് തനിക്കുള്ളതെന്നും മുൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഏറ്റവും വലിയ അബദ്ധമാണ് തുടർഭരണമെന്നും അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും ആൻ്റണി പറഞ്ഞു.
രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളുവെന്ന് മകൻ അനിൽ ആൻ്റണി തിരിച്ചടിച്ചു. ‘പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇത്തരത്തിൽ സംസാരിക്കുന്നത്.2014ലും 20119ലും കോൺഗ്രസ് ജയിക്കുമെന്ന് പിതാവ് പറഞ്ഞിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതൃസ്ഥാനം നൽകാതെ ജനം കോൺഗ്രസിനെ തൂത്തെറിഞ്ഞു.
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സ്വകാര്യ പ്രോപ്പർട്ടിയാണ് കോൺഗ്രസ് പാർട്ടി. അവരുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടിയാണ് കോൺഗ്രസുകാർ പ്രവർത്തിക്കുന്നത്.പിതാവിനോട് തനിക്ക് ബഹുമാനമുണ്ട്. പക്ഷേ എ.കെ ആൻ്റണിയുടെ രാഷ്‌ട്രീയത്തിൽ തനിക്ക് ഒരു വിശ്വാസവുമില്ല”–അനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.















