പാലക്കാട്: പാനൂരിൽ പൊട്ടിയത് പടക്കമെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവൻ. പാനൂരിൽ പൊട്ടിയത് പടക്കത്തിന്റെ ഏട്ടനാണെന്നും അത് ഒറ്റപ്പെട്ട സംഭവമെന്നും വിജരാഘവൻ പറഞ്ഞു.
കമ്യൂണിസ്റ്റുകാർ ബോംബുണ്ടാക്കുന്നവരല്ല, സമാധാനപരമായി രാഷ്‌ട്രീയപ്രവർത്തനം നടത്തുന്നവരാണ്. എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാൽ എന്ത് ചെയ്യാനാണെന്നും വിജയരാഘവൻ ചോദിച്ചു.
കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്കെതിരെ പ്രതിഷേധം രൂക്ഷമാണ്. ഇതിന് പിന്നാലെയാണ് അതീവ ഗുരുതരമായ സംഭവത്തെ പരിഹസിച്ചുകൊണ്ടുള്ള വിജയരാഘവന്റെ പ്രതികരണം.
പാനൂരിൽ മൂളിയന്തോട് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോംബ് നിർമിക്കുന്നതിന് ഇടയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.
ബോംബ് സ്ഫോടനത്തിന്റെ സിപിഎം-ഡിവൈഎഫ്ഐ ബന്ധം പുറത്ത് വന്നതിന് പിന്നാലെ പാർട്ടി പ്രതിരോധത്തിലായി. സ്‌ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് നേതാക്കൾ തുടക്കം മുതൽ പറഞ്ഞിരുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് പോയെന്നായിരുന്നു പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.















