ചെന്നൈ : തമിഴ് നാട്ടിലെ കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാനാണ്. കടലൂർ സൗത്തിൽ വോട്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ കടുത്ത ചൂട് കാരണം അദ്ദേഹവും അനുയായികളും ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി.
അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു തത്ത ജ്യോത്സ്യൻ തങ്കർ ബച്ചാനോട് തന്റെ തത്തയെക്കൊണ്ട് ഒരു കാർഡ് എടുപ്പിക്കാൻ ആവശ്യപ്പെട്ടു.
അത് സമ്മതിച്ച അദ്ദേഹം അവിടെ ഇരുന്നു തത്ത ഭാഗ്യം പറയുന്നത് ശ്രദ്ധിച്ചു. തത്ത തിരഞ്ഞെടുത്ത കാർഡ് പ്രകാരം ഭാവി ശോഭനമാണെന്നും ജയിക്കുമെന്നും ആ ജ്യോതിഷി പ്രവചിച്ചു. കൂടെ ഉണ്ടായിരുന്നവർ ഈ രംഗം ക്യാമെറയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഈ വീഡിയോയും ചിത്രങ്ങളും തമിഴകത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
എന്നാൽ ഇന്നിപ്പോൾ തങ്കർ ബച്ചാനു വേണ്ടി തത്ത ജ്യോതിഷം പ്രവചിച്ചയാളെ തമിഴ്‌നാട് വനംവകുപ്പ് അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. തത്തകളെ വളർത്തുന്നതും കൂട്ടിലിട്ട തത്തയെ കൊണ്ട് ഫലപ്രവചനം നടത്തുന്നതും വന്യജീവി സംരക്ഷണ നിയമ ഭേദഗതി പ്രകാരം കുറ്റകരമായതിനാലാണ് ഈ നടപടിയെന്ന് വനംവകുപ്പ് അറിയിച്ചതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജ്യോതിഷിയുടെ പക്കൽ നിന്ന് 4 തത്തകളെയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
മികച്ച ഗ്രാമീണ ചിത്രങ്ങൾ സംവിധാനം ചെയ്ത് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച തങ്കർ ബച്ചാൻ പി എം കെ യുടെ സ്ഥാനാർത്ഥിയായി മാമ്പഴം അടയാളത്തിലാണ് ജനവിധി തേടുന്നത്. ദേശീയ ചലച്ചിത്ര അവാർഡുകളിൽ ജൂറി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.















