2,000 മീറ്ററിലേറെ നീളമുള്ള ഇരുപതിലേറെ മലനിരകളുള്ള നീലഗിരി, ഭൂപ്രകൃതിയുടെ മകുടോദാഹരണമാണ്. സുഖശീതളമായ കാലാവസ്ഥയിൽ 9 മാസത്തോളം തണുപ്പ് പുതയ്‌ക്കുന്ന നീലഗിരിയെ എന്നും വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടമാക്കുന്നു. എന്നാൽ വിനോദ സഞ്ചാരത്തിന് ഏറെ വേരോട്ടമുളള മണ്ണായിട്ടും വികസനം ചെന്നെത്താത്ത നിരവധി മേഖലകൾ ഒരുപക്ഷേ നീലഗിരിയെ പിന്നോട്ടടിക്കുന്നുവെന്ന് പറയാതെ തരമില്ല. മാർച്ച് മുതൽ മേയ് അവസാനം വരെയാണ് ഇവിടത്തെ തൊഴിലാളികൾക്ക് സുവർണ കാലം. ബൊട്ടാണിക്കൽ ഗാർഡനിൽ വർഷം തോറും നടക്കുന്ന പുഷ്പമേളയാണ് പ്രധാന ആഘോഷം. സഞ്ചാരികളുടെ കുത്തൊഴുക്കാകും ഈ സീസണിൽ.
തെക്ക് കോയമ്പത്തൂർ, കിഴക്ക് ഈറോഡ്, വടക്ക് കർണാടകയിലെ ചാമരാജനഗര ജില്ല, കേരളത്തിലെ വയനാട് എന്നിവയാണ് നീലഗിരിയുടെ അതിർത്തികൾ.തമിഴ്നാട്ടിലെ 39 ലോക്സഭ മണ്ഡലങ്ങളിൽ ഏറെ തലപപ്പൊക്കമുള്ള മണ്ഡലമാണ് നീലഗിരി, 2,637 മീറ്റർ ഉയരമുള്ള ദൊഡ്ഡബെട്ട പോലെ. രാഷ്‌ട്രീയ ചരിത്രമേറെയുള്ള നീലഗിരിക്ക് കോൺഗ്രസിനെ കൈയയച്ച് സഹായിച്ച കഥയാണ് പറയാൻ അധികവുമുള്ളത്. എന്നാൽ രണ്ടുതവണ എൻഡിഎയ്‌ക്കൊപ്പം നിന്ന നീലഗിരിയിൽ ഇത്തവണ വീശുന്ന കാറ്റ് മോദി സർക്കാരിന് അനുകൂലമാണ്. തമിഴ്നാട്ടിലെ ആദ്യ പ്ലാസ്റ്റിക് രഹിത ജില്ലയായ നീലഗിരി ഇത്തവണ കോൺഗ്രസ്-ഡിഎം.കെ രഹിത ജില്ലയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബഡഗ നേതാവായിരുന്നു മാസ്റ്റർ മാത്തൻ 1998-1999 1999-2004 ടേമുകളിൽ ബിജെപിയെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയതൊഴിച്ചാൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാലിന്ന് കാലം മാറി കഥമാറി.

അവസാനം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാറ്റത്തിന്റെ തീവണ്ടി ചൂളം വിളിച്ച് മലയോരം കയറിവന്നിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി ഭോജാരാജനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കോൺഗ്രസിന്റെ ആർ. ഗണേഷിന്റെ ഭൂരിപക്ഷം ആയിരങ്ങളിൽ ചുരുക്കാൻ ബിജെപിക്ക് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അടക്കം ബിജെപിയുടെ വോട്ടുവിഹിതം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

തീപാറും പോരാട്ടം
ഡി.എം.കെയുടെ ദളിത് മുഖവും എംപിയും മുൻ ടെലികോം മന്ത്രിയുമായ എ. രാജയും കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ബി.ജെ.പിയുടെ എൽ മുരുകനും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാകും നീലഗിരി സാക്ഷ്യം വഹിക്കുക. ഉദകമണ്ഡലം, കൂനൂർ, ഗൂഡല്ലൂർ, അവനാശി, ഭവനിസാഗർ, മേട്ടുപ്പാളയം എന്നീ ആറ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഈ ലോക്സഭാ മണ്ഡലം. ഇതിൽ നാല് സീറ്റുകളിൽ എഐഎഡിഎംകെ ആധിപത്യം പുലർത്തുമ്പോൾ കോൺഗ്രസും ഡിഎംകെയും ഓരോ സീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

2009ലും 2019ലും ജയിച്ച പോലെ എം.കരുണാനിധിയുടെ വിശ്വസ്തന് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. 2ജി അഴിമതി കേസിൽ പ്രതിയായതോടെ രാജയുടെ പ്രതിഛായ തകർന്നു. 2014ലെ തോൽവിലാണ് അത് ചെന്നെത്തിയത്. എന്നാൽ മണ്ഡലത്തിലേക്ക് താമസം മാറ്റി പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ശ്രമം രാജ നടത്തി. ഇതിനിടെ സനാധന ധർമ്മത്തിനെതിരെയുള്ള പരാമർശങ്ങൾ തിരിച്ചടിച്ചു. രാമക്ഷേത്ര നിർമ്മാണത്തെയും ആർട്ടിക്കിൾ 370യുടെ കാര്യത്തിലും ഏകീകൃത സിവിൽ കോഡ് വിഷയത്തിലും രൂക്ഷമായ പ്രതികരണങ്ങൾ രാജയുടെ ഭാഗത്തു നിന്നുണ്ടായത്. ബഡഗാസിന്റെ ഇടയിലെ സ്വാധീനം കുറച്ചു. ഇതോടെ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡിഎംകെ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലഗിരിയിൽ ശക്തമായ അടിത്തറ കെട്ടിപ്പൊക്കാൻ മുരുഗന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം പ്രചാരണരംഗത്തുള്ളത്. രാജയുടെ “ഹിന്ദു വിരുദ്ധ പ്രസംഗങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന അദ്ദേഹത്തിന് സാധാരണക്കാരുടെ പിന്തുണ ആവോളമുണ്ട്. പാരിസ്ഥിതികമായി ദുർബലമായ പ്രദേശത്ത് വികസനവും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുരുകൻ ഇവിടെ മത്സരിക്കുന്നത് ഇതാദ്യമാണ്.
വന്യമൃഗ ശല്യം, മാലിന്യ-മലിനജല സംസ്കരണം,തേയിലയ്‌ക്ക് താങ്ങുവില, വിനോദ സഞ്ചാര മേഖലയ്‌ക്ക് സുസ്ഥിര വികസന മാതൃക എന്നിവയാണ് മണ്ഡലത്തിൽ പ്രധാന ആവശ്യങ്ങളായി ഉയർന്നുവരുന്നത്. ഭവനിയിലെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നതിൽ നദിതീരത്ത് താമസിക്കുന്നവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ നിലവിലുള്ള എംപി യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ല.
2016 ൽ തമിഴ്നാട് വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് നടത്തിയ ജലത്തിന്റെ ഗുണനിലവാര പരിശോധനയിൽ, മേട്ടുപ്പാളയത്തെ 1.50 ലക്ഷം നിവാസികൾക്ക് വിതരണം ചെയ്ത കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും മലമൂത്ര വിസർജനത്തിന് പിന്നാലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാധീതമായി ഉയർന്നു. എങ്കിലും ഈ മലിനജലം വിതരണം ഇപ്പോഴും തുടരുന്നുണ്ടെന്നതാണ് വിരോധാഭാസം.

2017-ൽ 91.7 കോടി രൂപ ചെലവിൽ ഭൂഗർഭ ഡ്രെയിനേജ് സംവിധാനത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും മേട്ടുപ്പാളയത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ ഇപ്പോഴും പദ്ധതി മുടന്തുകയാണ്. പ്രത്യേകിച്ച് പൈപ്പ് ജലവിതരണം. ഏകദേശം 500 അരുന്തത്തിയർ കുടുംബങ്ങൾ താമസിക്കുന്ന എ. ഡി. കോളനിക്ക് ഭൂഗർഭ ഡ്രെയിനേജ് സംവിധാന സൗകര്യം ഇപ്പോഴും നൽകിയിട്ടില്ല.
അല്പം ചരിത്രം
1819 മുതൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം കാപ്പി, തേയിലത്തോട്ടങ്ങൾ, വേനൽക്കാല വസതികൾ എന്നിവയ്‌ക്കായി കുന്നുകൾ വികസിപ്പിക്കുന്നത്.ഇതോടെ ഇവിടുത്തുകാരുടെ പ്രധാന ഉപജീവനമാർഗമായും പിൽക്കാലത്ത് തോട്ടങ്ങൾ മാറി. തൊഴിലാളികളാണ് ഇന്ന് കാണുന്ന നീലഗിരിയെ വളർത്തിയത്.കൊടുങ്കാടായിരുന്ന ഈ നീലഗിരി മലകളിൽ 3,000 വർഷം മുൻപു മുതൽ ജനവാസമുണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്.

ആദ്യം ചേരസാമ്രാജ്യത്തിന്റെ ഭാഗവും പിന്നീട് വിജയനഗരസാമ്രാജ്യക്കാരും വോഡയാർ രാജവംശവും ടിപ്പുസുൽത്താനുമൊക്കെ ഉടമസ്ഥാവകാശം കൈയാളാൻ ചോര വീഴ്‌ത്തിയ മണ്ണാണ് നീലഗിരിയുടേത്.ബ്രിട്ടിഷ് ഇന്ത്യയിലെ കോയമ്പത്തൂർ കളക്ടർ ആയിരുന്ന ജോൺ സള്ളിവന്റെ കൈയൊപ്പുണ്ട് ഇന്നത്തേ നീലഗിരിക്ക്.തോഡർ, കോത്തർ, പണിയർ, കുറുമ്പർ, കാട്ടുനായ്‌ക്കർ, ഇരുളർ എന്നീ ആറു ഗോത്ര വിഭാഗങ്ങളും ബഡുക വിഭാഗവും മാത്രമാണ് നീലഗിരിയിലുണ്ടായിരുന്നത്.ഒരു ഡസനിലധികം ഭാഷകൾ സംസാരിക്കുന്നുണ്ടെങ്കിലും തദ്ദേശവാസികൾ അവ എഴുതുകയോ വായിക്കുകയോ ചെയ്തില്ല.1871-ൽ 20,000-ത്തിൽ താഴെയായിരുന്ന ബഡഗകൾ 20-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏകദേശം 140,000 ആയി ഉയർന്നു. നീലഗിരിയുടെ വടക്ക് കർണാടകയിൽ സംസാരിക്കുന്ന കന്നഡയോട് സാമ്യമുള്ള ഒരു ദ്രാവിഡ ഭാഷയാണ് അവരുടെ ഭാഷ.

ബഡഗ എന്നാൽ കന്നഡയിൽ വടക്കൻ എന്നാണ് അർത്ഥം. വേൾഡ് കൾച്ചർ എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച് , മുസ്ലീം അധിനിവേശത്തെ തുടർന്നുള്ള ദശാബ്ദങ്ങളിൽ, നീലഗിരി മലനിരകളുടെ വടക്കുഭാഗത്തുള്ള മൈസൂർ ജില്ലയിലെ സമതലങ്ങളിൽ നിന്ന് കുടിയേറിയതിനാലാണ് ഈ ഗ്രൂപ്പിന് “ബഡഗ” (വടക്കൻ) എന്ന പേര് ലഭിച്ചതെന്നാണ്.

വിധികർത്താക്കൾ
നീലഗിരിയിൽ 52% ഗ്രാമീണ വോട്ടർമാരും 48% നഗരവാസികളുമാണ്. ജനസംഖ്യയുടെ 90% ഹിന്ദുക്കളും 5% മുസ്ലീങ്ങളും ബാക്കി 5% മറ്റ് സമുദായങ്ങളുമാണ്. പട്ടികജാതി (എസ്.സി) വോട്ടർമാർ 24.8 ശതമാനവും പട്ടികവർഗക്കാർ (എസ്.ടി) 3.3 ശതമാനവുമാണ്.പുതിയ കണക്കുകൾ പ്രകാരം നീലഗിരി പാർലമെന്റ് മണ്ഡലത്തിലെ മൊത്തം വോട്ടർമാർ ഏകദേശം 14,28,387 ആണ്. 6,87552 പുരുഷ വോട്ടർമാരും 7,40,742 വനിത വോട്ടർമാരും 93 ട്രാൻസ്ജെൻഡർ വോട്ടർമാരും അടങ്ങുന്നതാണ് പാർലമെൻ്റ് മണ്ഡലം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നീലഗിരി പാർലമെന്റ് സീറ്റിൽ പോളിംഗ് 74.01 ആയിരുന്നു. നിലവിൽ 1619 പോളിംഗ് ബൂത്തുകളാണുള്ളത്. ഡിഎംകെയുടെ എ. രാജ 5,47,832 വോട്ടുകൾ നേടി നീലഗിരി മണ്ഡലത്തിൽ വിജയിച്ചു. ബിജെപി പിന്തുണയോടെ എഡിഎംകെയുടെ ത്യാഗരാജൻ എം 3,42,009 വോട്ടുകൾ നേടി.
















