തിരുവനന്തപുരം: ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോ. റുവൈസിന് തുടർ പഠനത്തിന് വീണ്ടും അനുമതി. മെഡിക്കൽ കോളേജിൽ പിജി തുടർ പഠനത്തിനാണ് അനുമതി ലഭിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഇടക്കാല ഉത്തരവ്.
ക്ലാസിൽ പങ്കെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. അച്ചടക്ക നടപടി കോടതി ശരിവെച്ചാൽ ഹാജർ സാധുവായി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.
ഷഹ്നയുമായുള്ള വിവാഹത്തിൽ നിന്നും അവസാന നിമിഷമാണ് ഡോക്ടർ റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച റുവൈസിന് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. പക്ഷെ, റുവൈസ് ഇത് തടയാൻ ശ്രമിച്ചില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹ്നയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹ്നയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കൂടുതൽ സ്ത്രീധനത്തിനായി ഉൾപ്പെടെ റുവൈസും കുടുംബവും സമ്മർദ്ദം ചെലുത്തിയതായും ആരോപണം ഉയർന്നിരുന്നു. മെഡിക്കൽ പിജി വിദ്യാർത്ഥികളായിരുന്നു ഇരുവരും.















