അലിഗഢ്: കഴുത്തിൽ ചെരിപ്പ് മാലയിട്ട് വോട്ട് തേടുന്ന സ്ഥാനാർത്ഥി. അലിഗഢിലെ സ്വതന്ത്ര സ്ഥാനാർത്ഥി പണ്ഡിറ്റ് കേശവ് ദേവിനെ കാണുമ്പോൾ വോട്ടർമാർ ആദ്യം ഒന്ന് അമ്പരക്കും. കാരണം കഴുത്തിലെ മാല തന്നെ. അമ്പരപ്പ് മാറും മുൻപ് സ്ഥാനാർത്ഥി സ്വയം പരിചയപ്പെടുത്തും. ഇത് എന്റെ ചിഹ്നമാണ്. ചെരിപ്പ് അടയാളത്തിൽ എനിക്ക് വോട്ട് ചെയ്യണം.
വേറിട്ട പല ചിഹ്നങ്ങളും സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ ചെരിപ്പ് അപൂർവ്വമാണ്. ഒരു ജോഡി സ്ലിപ്പറുകളാണ് കേശവ് ദേവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം. ഒടുവിൽ അനുവദിച്ച ചിഹ്നം വെച്ച് പ്രചാരണത്തിൽ എങ്ങനെ നേട്ടമുണ്ടാക്കാമെന്നായി പണ്ഡിറ്റ് കേശവ് ദേവിന്റെ ചിന്ത. അങ്ങനെയാണ് കഴുത്തിൽ ചെരുപ്പ് മാല അണിയാൻ തീരുമാനിച്ചത്. ഏഴ് ചെരിപ്പുകൾ കോർത്തിണക്കിയാണ് മാല.
ഏപ്രിൽ 26 നാണ് അലിഗഢിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്. ഇക്കുറിയും അതിൽ മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി. 2019-ൽ ബിജെപിയുടെ സതീഷ് കുമാർ ഗൗതമാണ് വിജയിച്ചത്.
80 പേരെ പാർലമെന്റിലേക്ക് അയക്കുന്ന ഉത്തർപ്രദേശിൽ ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.















