ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലായിരുന്ന 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയ 21 മത്സ്യത്തൊളിലാളികളെ നാവികസേന രാമനാഥപുരത്ത് നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര സർക്കാർ ഇടപെട്ടതിനെ തുടർന്ന് ഇവരെ മോചിപ്പിച്ചതായും മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായും ശ്രീലങ്കയിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
” ശ്രീലങ്കൻ സമുദ്രാർത്തിയിൽ നിന്ന് ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത മത്സ്യത്തൊളിലാളികൾ സുരക്ഷിതരാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത 21 മത്സ്യത്തൊഴിലാളികളിൽ 19 പേരെ ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചു. മത്സ്യത്തൊളിലാളികൾ സുരക്ഷിതരായി ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.”- ശ്രീലങ്കയിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ മാർച്ച് 6-ാം തീയതിയാണ് മത്സ്യബന്ധനത്തിനായി 21 മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇവരെ ശ്രീലങ്കൻ നാവികസേന പിടികൂടുകയായിരുന്നു. കേന്ദ്രസർക്കാർ ഇടപെട്ടതിനെ തുടർന്നാണ് തമിഴ്‌നാട്ടിലെ മയിലാടുതുറയിൽ നിന്നുള്ള 9 മത്സ്യത്തൊഴിലാളികളെയും പുതുക്കോട്ടയിൽ നിന്നുള്ള 4 മത്സ്യത്തൊഴിലാളികളെയും കാരയ്‌ക്കലിൽ നിന്നുള്ള 6 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചത്.
ഡിഎംകെയും കോൺഗ്രസും ചേർന്ന് ഭാരതത്തിനും തമിഴ്‌നാട്ടിനും തന്ത്രപ്രധാനമായ കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്ത നാൾ മുതൽ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാർത്തി ലംഘിച്ചെന്ന കാരണത്താൽ നാവികസേന അറസ്റ്റ് ചെയ്യുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാൻ സഹായിച്ച കേന്ദ്രസർക്കാരിന് ഇവരുടെ കുടുംബം നന്ദി അറിയിച്ചിരുന്നു.