ലക്‌നൗ: രാമനവമി ആഘോഷത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്ന് എത്തുന്ന ഭക്തർക്കായി അയോദ്ധ്യയിലെ ആശുപത്രികളിൽ പ്രത്യേക ക്വാറന്റൈൻ വാർഡുകൾ തുടങ്ങി. വിദേശ രാജ്യങ്ങളിൽ കൊറോണ കേസുകൾ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് അയോദ്ധ്യയിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ക്വാറന്റൈൻ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാമനവമി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദേശികൾക്കായി ജില്ലാ ആശുപത്രിയിൽ നാല് പ്രത്യേക ക്വാറന്റൈൻ വാർഡുകൾ ആരംഭിച്ചിട്ടുണ്ട്. സഞ്ചാരികളിൽ രോഗലക്ഷണം പ്രകടനമായാൽ 14 ദിവസം ക്വാറന്റൈനിൽ നിരീക്ഷിക്കും. കൂടാതെ കൊറോണ പരിശോധനയ്‌ക്കുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അയോദ്ധ്യാ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
അതേസമയം ചൈത്ര നവരാത്രിയുടെ തലേന്ന് വിഗ്രഹത്തിന് പ്രത്യേക വസ്ത്രം ധരിപ്പിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം ആദ്യമായാണ് രാംലല്ലയുടെ വസ്ത്രത്തിന് ഇത്തരത്തിലൊരു മാറ്റം വരുത്തുന്നത്. മയിലിന്റ രൂപവും വൈഷ്ണവ ചിന്ഹങ്ങളും തുന്നിച്ചേർത്ത വസ്ത്രമാണ് രാംലല്ലയെ ധരിപ്പിക്കുന്നതെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രിൽ 9 മുതൽ രാമനവമിയായ ഏപ്രിൽ 17 വരെയാണ് രാംലല്ല ഈ വസ്ത്രം ധരിക്കുന്നത്. ഖാദി കോട്ടൺ തുണിയിലാണ് ചിത്രങ്ങൾ തുന്നിച്ചേർക്കുന്നത്. ഒമ്പത് ദിവസം നീണ്ട ആഘോഷമാണ് ചൈത്ര നവരാത്രി. ഉത്സവത്തിന്റെ ഒമ്പതാം ദിനമാണ് രാമനവമി. ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ഉപവസിച്ചും ആരാധിച്ചുമാണ് രാമനവമി ജനങ്ങൾ ആഘോഷിക്കുന്നത്.















