മുംബൈ: പ്രധാമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎക്കും പിന്തുണ പ്രഖ്യാപിച്ച് എംഎൻഎസ് തലവൻ രാജ് താക്കറെ. ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും മഹായുതി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎക്കും മഹാരാഷ്‌ട്ര നവനിർമാണ സേന ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്നതായും ലോക്സഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കാൻ എംഎൻഎസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായും രാജ് താക്കറെ പറഞ്ഞു. ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകണെമെന്ന് ആദ്യം പറഞ്ഞ വ്യക്തി ഞാനായിരുന്നു. 30 വർഷത്തിന് ശേഷം 2014-ലാണ് ഒരാളെ പൂർണ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ആദ്യ ട്വീറ്റ് എന്റെ ആയിരുന്നു. സിഎഎ, എൻആർസി എന്നിവയ്‌ക്ക് പൂർണ പിന്തുണ നൽകുന്നതായും രാജ് താക്കറെ പറഞ്ഞു.
എംഎൻഎസ് മേധാവി രാജ് താക്കറെ മാർച്ചിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, മഹാരാഷ്‌ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിൽ രാജ് താക്കറെ ചേരുമെന്നും സൂചനകൾ ഉണ്ടായിരുന്നു. മഹായുതി സഖ്യത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി , ബിജെപി എന്നിവയുമാണ് ഉൾപ്പെടുന്നത്. ഇതോടെ മഹാരാഷ്‌ട്രയിൽ എൻഡിഎക്ക് പിന്തുണ വർദ്ധിച്ചിരിക്കുകയാണ്. സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ് താക്കറെയ്‌ക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നന്ദിയും അറിയിച്ചു.















