11-കാരിയെ നിർബന്ധിപ്പിച്ച് മതം മാറ്റി വിവാഹം ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രമേഷ് സിംഗ് അരോറ. കുട്ടിയെ സന്ദർശിച്ച ശേഷമാണ് നടപടി. കുട്ടിയുടെ അയൽവാസികളടക്കമുള്ള മൂന്നു പേർക്കെതിരെയാണ് പരാതി. ഷെയ്ഖ്പുര ജില്ലയിലെ ഫെറോസ്വാല പ്രദേശത്താണ് സംഭവം. സലീം മസിഹ് എന്നയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘം മകൾക്കൊപ്പം ഫെറോസ്വാല കോടതിയിൽ ഹാജരാകാൻ പറഞ്ഞു. ബന്ധുക്കൾക്കും മകൾക്കുമൊപ്പം കോടതിയിലെത്തിയ ഇവർക്കെതിരെ ഇമ്രാൻ സർഫറാസ് എന്നയാൾ ഒരു പരാതി നൽകിയിരുന്നു.
സർഫറാസ് 11കാരിയായ മകളുടെ ജനന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ അപേക്ഷയ്‌ക്കൊപ്പം അവളുടെ വിവാഹ സർട്ടിഫിക്കറ്റുമുണ്ടായിരുന്നു- പിതാവ് പറഞ്ഞു. കുട്ടിയെ മതപരിവർത്തനം നടത്തിയ ശേഷം നിർബന്ധിച്ച് വിവാഹം നടത്തിയെന്നായിരുന്നു പരാതി.
എന്നാൽ സർഫറാസാണ് തന്നെ വിവാഹം ചെയ്തതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. വാട്ടർ പാർക്കിലേക്ക് ഒരു ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വിവാഹ രജിസ്ട്രേഷനിൽ ഒപ്പിടാൻ സർഫറാസ് നിർബന്ധിച്ചതെന്ന് കുട്ടി പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തെളിവുകൾ പരിശോധിച്ച കോടതി സർഫറാസിന്റെ പരാതി തള്ളുകയും ഇയാൾക്കും കുടുംബത്തിനുമെതിരെ കേസെടുക്കുകയുമായിരുന്നു.
പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹങ്ങൾ കഴിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചെന്ന് യുഎൻ വിദഗ്ധർ വ്യക്തമാക്കി. അധികൃതരുടെ ഒത്താശയോടെയാണ ഇത്തരം നടപടികളെന്നും അവർ പറയുന്നു.