കവരത്തി: എച്ച്ഡിഎഫ്സി ബാങ്ക് ലക്ഷദ്വീപിൽ ശാഖ തുറന്നു. കവരത്തി ദ്വീപിലാണ് ശാഖ പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ദ്വീപിൽ പ്രവർത്തനം വ്യാപിപിച്ച ആദ്യ സ്വകാര്യമേഖലാ ബാങ്കായി എച്ച്‌ഡിഎഫ്‌സി മാറി. നാവിക സേന കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ലവ്കേഷ് താക്കൂറും ദ്വീപിലെ താമസക്കാരനായ കെ പി മുത്തുക്കോയയും ചേർന്നാണ് ശാഖ ഉദ്ഘാടനം നിർവഹിച്ചത്.
ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായി. നിരവധി എയർലൈൻ കമ്പനികളാണ് ദ്വീപ് കേന്ദ്രീകരിച്ച് സർവ്വിസ് ആരംഭിക്കാൻ തയ്യാറെടുക്കുന്നത്. ദ്വീപിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ കേന്ദ്രം ശ്രമിക്കുന്ന സമയത്താണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ ശാഖ ഉദ്ഘാടനം ചെയ്തത്.
മുൻപ് സ്വകാര്യ ബാങ്ക് ദ്വീപിൽ ശാഖ ആരംഭിച്ചിരുന്നെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. കാശ്മീർ മുതൽ ലക്ഷദ്വീപ് വരെ വിപുലമായ ശാഖാ ശൃംഖലയുള്ള ഏക സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി . എച്ച്‌ഡിഎഫ്‌സി ബാങ്കിന് നിലവിൽ 3,872 നഗരങ്ങളിലായി 8,091 ശാഖകളും 20,688 എടിഎമ്മുകളും ഉണ്ട്.