കൊൽക്കത്ത: വിവാദമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഈദ് ആശംസ. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, യൂണിഫോം സിവിൽ കോഡ് എന്നിവ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഈദുൽ ഫിത്തർ ആശംസയിൽ മമത പറഞ്ഞു.
രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ ഞങ്ങൾ തയ്യാറാണ്. എന്നാലും ഏകീകൃത സിവിൽ കോഡ് അംഗീകരിക്കാനാവില്ല. മുസ്ലിങ്ങളുടെ സുരക്ഷയും ജീവിതവും ഉറപ്പാക്കാൻ എൻആർസിയും സിഎഎയും ബംഗാളിൽ നടപ്പാക്കില്ല, കൊൽക്കത്തയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മമത കൂട്ടിച്ചേർത്തു.
വിശുദ്ധ റംസാൻ ആഘോഷത്തിനിടയിൽ രാഷ്‌ട്രീയം തിരുകി കയറ്റിയ മമതയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് മമത നേരത്തെ പ്രഖ്യപിച്ചിരുന്നു. ഒരു സംസ്ഥാനത്തിന് മാത്രം പാർലമെന്റ് പാസാക്കിയ നിയമത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മറച്ച് വെച്ചാണ് മമതയുടെ ന്യൂനപക്ഷ പ്രീണനം.
സിഎഎയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന മമതയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് അഴിച്ച് വിട്ടത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന മമത, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പശ്ചിമ ബംഗാളിൽ നടന്ന റാലിക്കിടയിൽ കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു.















