വയനാട്: ഗണപതിവട്ടമെന്ന സ്ഥലം പിൽക്കാലത്ത് സുൽത്താൻ ബത്തേരിയായെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദങ്ങളെ ശരിവയ്‌ക്കുന്നതാണ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സൈറ്റ് വ്യക്തമാക്കുന്നത്.ഹൈദരലിയുടെയും ടിപ്പുവിന്‍റെയും പടയോട്ടക്കാലത്ത്, പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താന്‍ബത്തേരിയായി മാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നതായി ബത്തേരി മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വെബ് സൈറ്റിലെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ
ഹൈദരലിയുടെയും ടിപ്പുവിന്‍റെയും പടയോട്ടക്കാലത്ത്, പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താന്‍ബത്തേരിയായി മാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുളള ഗണപതിക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമെന്നാക്കി മാറ്റിയത് എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.
ചെറിയ ജനപഥമായി ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്‍റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്‍റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ Sulthan Battery എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തില്‍ ഒരു വാണിജ്യകേന്ദ്രമായും മൈസൂറിലേക്കുളള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്ന് വിശ്വസിക്കാം. മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലുംകൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതിവട്ടം വളരുകയായിരുന്നുവെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല.
20-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ നടന്ന കുടിയേറ്റം സുല്‍ത്താന്‍ബത്തേരിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറി. മദ്ധ്യ തിരുവിതാംകൂറില്‍ നിന്നും തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും ജീവിതത്തിന്‍റെ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങള്‍ തേടിയെത്തിയ കര്‍ഷകജനത ഈ മണ്ണില്‍ അദ്ധ്വാനത്തിന്‍റെ പുത്തന്‍ ഇതിഹാസം രചിക്കുകയായിരുന്നു. പതുക്കെപ്പതുക്കെയായിരുന്ന ജനസംഖ്യാവര്‍ദ്ധനയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായത്, കുടിയേറ്റക്കാരുടെ പ്രവാഹം മൂലമാണ്. മലമ്പനിയോടും, വന്യമൃഗങ്ങളോടും മാറാവ്യാധികളോടും പോരാടി കന്നിമണ്ണില്‍ ജീവിതം കരുപിടിപ്പിച്ച കര്‍ഷകജനതക്കായി 1934-ല്‍ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. അങ്ങിനെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ ഭരണത്തില്‍ നിന്ന് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിന്‍റെ ഭരണത്തിലേക്ക് മാറി.
















