എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, മാസപ്പടി വിവാദത്തിൽ സിഎംആർഎൽ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. എസ്എഫ്‌ഐഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് ഏറ്റെടുത്തത്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസിൽ ഇ ഡി അന്വേഷണവും ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആർഎലും തമ്മിലുള്ള 1.72 കോടി രൂപയുടെ ദുരൂഹ ഇടപാടിലാണ് ഇഡി അന്വേഷണം നടക്കുന്നത്. നൽകാത്ത സേവനത്തിന് വീണ വിജയന് സിഎംആർഎൽ മാസപ്പടിയായി പണം നൽകിയെന്നാണ് ആരോപണം.