ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെ വെട്ടിലാക്കി മുതിർന്ന നേതാവിന്റെ ചുവടുമാറ്റം. കോൺഗ്രസ് വക്താവായിരുന്ന രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഹർഷ്ദീപ് സിംഗ് പുരി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
താൻ 15 വർഷത്തോളം കോൺഗ്രസിന്റെ ഭാഗമായിരുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞ നിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. നയിക്കാൻ ഒരു നേതാവ് പോലുമില്ല. ഇതുകൊണ്ടെല്ലാം ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സനാതന ധർമ്മം അവഹേളിക്കപ്പെടുമ്പോൾ തങ്ങളോട് മിണ്ടാതിരിക്കാൻ ഒരുനേതാവ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2047 ആകുമ്പോഴും രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ആ കാഴ്ചപ്പാടിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രോഹൻ ഗുപ്ത കൂട്ടിച്ചേർത്തു.
ഇൻഡി മുന്നണിയിൽ ആം ആദ്മി പാർട്ടിയെ ഉൾപ്പെടുത്തിയ കോൺഗ്രസ് നടപടിയെയും രോഹൻ ഗുപ്ത രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തിന്റെ പേരാണെങ്കിലും സഖ്യത്തിൽ മുഴുവൻ രാജ്യവിരുദ്ധ ശക്തികളാണെന്നും അദ്ദേഹം തുറന്നടിച്ചു.