കൊച്ചി : തലശ്ശേരി – മാഹി ബൈപ്പാസിന്റെ ചിത്രം പങ്ക് വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . സ്വാഭാവിക ഭൂപ്രകൃതിയിൽ കോൺക്രീറ്റ് അടിച്ചേൽപ്പിക്കുന്നതുപോലെയാണ് ആദ്യം ഇത് തോന്നിയത്. എന്നാൽ പിന്നീട് ഇതിന് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് മനസിലായെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
‘ തലശ്ശേരി – മാഹി ബൈപാസ് , ഒരു അംബരചുംബി ഒരു വശത്തായി കിടക്കുന്നത് പോലെ. സ്വാഭാവിക ഭൂപ്രകൃതിയിൽ കോൺക്രീറ്റ് അടിച്ചേൽപ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാൽ അതിന് അതിൻ്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ ആസ്വദിക്കാനും ആഗ്രഹമുണ്ടെന്നത് എനിക്ക് നിഷേധിക്കാനാവില്ല. ‘ – അദ്ദേഹം കുറിച്ചു.
ഏറെ പേരാണ് പോസ്റ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് . പരിസ്ഥിതിയിൽ നിന്ന് വ്യതിചലിക്കുന്നതിനുപകരം അടിസ്ഥാന സൗകര്യം എങ്ങനെ മെച്ചപ്പെടുത്താനാകുമെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നാണ് കമന്റുകൾ .
നാലരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദേശീയപാതയിൽ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്‌ക്ക് വഴി തുറക്കുന്നത്. ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.