ബെംഗളൂരു ; അടുത്തകാലത്തായി കുറഞ്ഞ വിലയ്‌ക്ക് ഭക്ഷണം ലഭിക്കുന്നത് തന്നെ വളരെ അപൂർവമാണ് . എന്നാൽ ബെംഗളൂരുവിലെ ഈ ഹോട്ടലുകൾ വിശക്കുന്നവർക്ക് സൗജന്യ ഭക്ഷണം നൽകുന്നു . ബാംഗ്ലൂരിലെ തൃപ്തി, മല്ലേശ്വരത്ത് മുളബാഗിലു ദോശ, ശാസ്ത്രി നഗറിലെ എസ്എൽവി കോഫി കോർണർ, ബനശങ്കരി രണ്ടാം ഘട്ടത്തിലെ കപി തിണ്ടി. കൂടാതെ ചിക്കബല്ലാപ്പൂരിൽ അടുത്തിടെ ആരംഭിച്ച മൂർത്തി മെസ് എന്നിവയാണ് വിശക്കുന്നവർക്ക് സൗജന്യ ഭക്ഷണം നൽകുന്നത് .
പ്രത്യേക കൂപ്പൺ വഴിയാണ് ഇത്തരത്തിൽ ഭക്ഷണം നൽകുന്നത് . ഈ ഹോട്ടലുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ ആർക്ക് വേണമെങ്കിലും വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള ടോക്കണുകൾ വാങ്ങാം . ഉപഭോക്താക്കൾ വാങ്ങിയ ടോക്കണുകൾ ബോർഡിൽ പിൻ ചെയ്തിരിക്കും. വിശക്കുന്നവർക്കും ആവശ്യക്കാർക്കും ഈ ഹോട്ടലുകളിൽ പോയി ഈ ടോക്കൺ വാങ്ങി സൗജന്യമായി ഭക്ഷണം കഴിക്കാം. ഈ ടോക്കൺ സേവനം എല്ലാ ദിവസവുമുണ്ട് സജീവമാണ്. ഒരാൾക്ക് എത്ര ടോക്കണുകൾ വേണമെങ്കിലും എടുക്കാം.
AVLGI യുടെ സ്ഥാപക കവിത എങ്കത്തിന്റേതാണ് ഈ ആശയം . “കൊറോണ സമയത്ത് പ്രായമായവർക്കും വിശക്കുന്നവർക്കും എങ്ങനെ ഭക്ഷണം നൽകാമെന്ന് ഞാനും ഭർത്താവും ചിന്തിച്ചു. തുടർന്ന് വിദേശത്തുള്ള “എനിക്ക് ഒന്ന്, ബോർഡിന് ഒന്ന്” എന്ന പരിപാടിയെ പറ്റി അറിഞ്ഞു. ഇതാണ് ഞങ്ങൾ ഇവിടെ നടപ്പാക്കിയത് “ കവിത പറഞ്ഞു.
“ഒരു കാരണവശാലും ഭക്ഷണം കഴിക്കുന്നവരെ ചോദ്യം ചെയ്യരുത്. ഒന്നോ പത്തോ ടോക്കൺ എടുത്താലും ചോദ്യം ചെയ്യാൻ പാടില്ല. അവർ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കട്ടെ അല്ലെങ്കിൽ പാർസൽ എടുക്കട്ടെ. അവർ പണക്കാരനായാലും ദരിദ്രനായാലും ഒരു കാരണവശാലും ചോദ്യങ്ങൾ ചോദിക്കരുത്, ഈ ചോദ്യങ്ങൾ ഭക്ഷണം കഴിക്കുന്നവരെ നാണംകെടുത്തുമെന്ന് ഹോട്ടലുകാരോട് പറഞ്ഞിട്ടുണ്ടെന്നും“ കവിത പറയുന്നു.
തെരുവിൽ ഭിക്ഷയാചിക്കുന്ന ദമ്പതികൾ ഭക്ഷണത്തിന്റെ ടോക്കൺ എടുക്കാൻ ദിവസവും വരാറുണ്ടെന്ന് ചിക്കബല്ലാപ്പൂരിലെ റസ്റ്റോറന്റ് ഉടമ പറഞ്ഞു. വീട്ടുവാടക നൽകാൻ പാടുപെടുന്ന ദമ്പതികൾക്ക് ഒരു മാസത്തെ ഭക്ഷണം ഇത്തരത്തിൽ സൗജന്യമായി ലഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അതേ ദമ്പതികൾ ഉച്ചഭക്ഷണ ടോക്കണുകൾ വാങ്ങി സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു . ഇത്തരത്തിൽ ഒട്ടേറെ പേർ മുന്നോട്ട് വരുന്നുണ്ടെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.